24 April, 2022 08:13:51 PM


ഏറ്റുമാനൂരിൽ 'ആരോഗ്യ ജാഗ്രത': പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു

 

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ പ്രദേശത്ത് 'ആരോഗ്യ ജാഗ്രത - 2022' പദ്ധതി പ്രകാരം പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ 
ഊർജ്ജിതപ്പെടുത്തുന്നു. ഏപ്രിൽ 26, 27, 28 തീയതികളിൽ നഗരസഭയുടെ എല്ലാ വാർഡുകളിലും പരിസര ശുചീകരണം, കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ, കൊതുക് - കൂത്താടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ നടത്തും.

എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ശുചീകരണവും, കൊതുക് - കൂത്താടി ഉറവിട നശീകരണവും അതാത് വീട്ടുകാർ/സ്ഥാപന ഉടമകൾ നടത്തണമെന്ന് നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുനിത ബിനീഷ്, കുടുംബാരോഗ്യ കേന്ദ്രം എ.എം.ഒ. ഡോ. ആശ, നഗരസഭ സെക്രട്ടറി കവിത എസ്. കുമാർ എന്നിവർ അറിയിച്ചു.

മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ ആരോഗ്യ ശുചിത്വ പോഷണ സമിതി യോഗങ്ങൾ കൂടുകയും ശുചിത്വ മിഷൻ, കൃഷി വകുപ്പ്, എക്സൈസ് , നഗരസഭ, കുടുംബാരോഗ്യ കേന്ദ്രം ഏറ്റുമാനൂർ എന്നിവയുടെ സഹകരത്തോടെ വോളണ്ടിയർ പരിശീലനം നല്കുകയും ഉണ്ടായി. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗയോഗ്യമല്ലാത്ത പ്ലാസ്റ്റിക് മറ്റ് അജൈവ മാലിന്യങ്ങൾ വാർഡുകളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾക്ക് കൈമാറേണ്ടതാണ്.

നഗരസഭ തലത്തിൽ വിവിധ വകുപ്പ്, പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർ സെക്ടറൽ കോ-ഓർഡിനേഷൻ കമ്മറ്റിയോഗം ചേരുകയും ചെയ്തു. സമൂഹത്തിലെ എല്ലാ മേഖലയിലും പ്രവർത്തിയ്ക്കുന്നവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ആരോഗ്യ ജാഗ്രത ശില്പശാല ഏപ്രിൽ-25 ന് രാവിലെ 10 മണിക്ക് ഏറ്റുമാനൂർ വ്യാപാര ഭവനിൽ നടത്തും. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ശില്പശാല ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുനിത ബിനീഷ് അദ്ധ്യക്ഷത വഹിക്കും.
ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പ്രിയ എൻ മുഖ്യ പ്രഭാഷണം നടത്തും.

മനോജ് നരനാട്ട് അവതരിപ്പിക്കുന്ന കിറ്റി ഷോ, കോട്ടയം ഗവ: കോളേജ് ഓഫ് നേഴ്സിംഗ് കുട്ടികൾ അവതരിപ്പിക്കുന്ന പരിസര ശുചിത്വം എന്ന വിഷയത്തിലുള്ള തൃത്തശില്പം എന്നിവ നടക്കും. നഗരസഭ പ്രദേശത്തെ രാഷ്ട്രീയ, മത, യുവജന, കുടുംബശ്രീ, റസിഡന്റ് അസോസിയേഷൻ, വ്യാപാരികൾ, ചെറുകിട കച്ചവടക്കാർ സർക്കാർ / സ്വകാര്യ സ്ഥാപനങ്ങൾ, തുടങ്ങി എല്ലാവരും പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് എ എം ഓ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K