13 May, 2022 08:47:15 PM
കോട്ടയം സ്വദേശി യുവതി കോവളത്ത് വാടകവീടിനുള്ളില്‍ തൂങ്ങി മരിച്ചു; ഭര്‍ത്താവും മകനും അറസ്റ്റില്‍

കോവളം: കോട്ടയം സ്വദേശി യുവതി കോവളം വെള്ളാറിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പെരുമ്പായിക്കാട് നട്ടാശ്ശേരി താന്നിക്കാട്ടുമാലിയില്‍ പുഷ്കരന്‍റെയും ശാന്തയുടെയും മകള്‍ ടി.പി.ബിന്ദു (46) ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് കോട്ടയം ചുങ്കം സ്വദേശി പി.വി.അനില്‍ (53), മകന്‍ അഭിജിത് (20) എന്നിവരെ കോവളം പോലീസ് അറസ്റ്റു ചെയ്തു. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നതും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതുമാണ് ഇവരുടെ പേരിലുള്ള കേസ്.
വ്യാഴാഴ്ച രാത്രി 8.45 മണിയോടെയാണ് ബിന്ദുവിനെ മുറിയ്ക്കുള്ളിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. ബിന്ദുവിനെ ഉടന്‍ ഭര്‍ത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാത്രി 12.30 മണിയോടെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചതത്രേ.
വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ സഹോദരന്‍ ടി.പി.ബിജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അനിലിന്റെയും മകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം സ്വദേശികളായ അനിലും ബിന്ദുവും കുടുംബസമേതം കഴിഞ്ഞ 27 വര്‍ഷങ്ങളായി കോവളത്താണ് താമസിക്കുന്നത്. ലഹരിമരുന്നിന് അടിമയായ മകന്‍ എന്നും വീട്ടില്‍ വഴക്കായിരുന്നുവെന്നും ബിന്ദുവിന്‍റെ ശരീരത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇതിന് മുമ്പ് ബിന്ദുവിന്‍റെ പരാതിയില്‍ ദമ്പതികളെ സ്റ്റേഷനില്‍ വിളിപ്പിച്ച് രമ്യതയില്‍ പറഞ്ഞയച്ചതാണെന്നും പോലീസ് പറഞ്ഞു. മേല്‍നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മകൾ : അഞ്ജലി (യു.കെ), മരുമകൻ : ഷിബിൻ ദാസ് (ആലപ്പുഴ). സംസ്കാരം ശനിയാഴ്ച 11ന് കോട്ടയം മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ.
                                
                                        



