06 July, 2022 04:08:10 PM


എകെജി സെന്‍ററിലേക്ക് എറിഞ്ഞത് ബോംബല്ല; സ്ഫോടകശേഷി കുറഞ്ഞ ഏറുപടക്കം - റിപ്പോര്‍ട്ട്



തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസിലെ ഫോറന്‍സിക് റിപ്പോർട്ട് പുറത്ത്. എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്ന് ഫോറൻസിക് പ്രാഥമിക വിലയിരുത്തൽ. വലിയ നാശനഷ്ടമുണ്ടാക്കാൻ ശേഷിയില്ലാത്ത ഏറുപടക്കത്തിന് സമാനമായ വസ്തുവെന്നാണ് ഫോറൻസിക് കണ്ടെത്തൽ. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം പൗഡർ എന്നിവയാണ്. വീര്യംകുറഞ്ഞ പടക്കങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്. കല്ലും പേപ്പറും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 

എന്നാൽ ബോംബ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കണ്ടെത്തനായിട്ടില്ല. അതേസമയം എറിഞ്ഞത് ബോംബാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ സിപിഎം നേതാക്കൾ പറ‍ഞ്ഞിരുന്നത്. സംഭവം കഴിഞ്ഞ് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ കൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് വിമർശനവും ഉയരുന്നുണ്ട്.

70 ഓളം ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് കാര്യമായ സൂചന ലഭിച്ചില്ല. നിലവിൽ നിരവധി പേർ നിരീക്ഷണത്തിലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതി ഒറ്റയ്ക്ക് അക്രമം നടത്തി മടങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ചുവപ്പ് നിറത്തിലെ ഡിയോ സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നിഗമനം. സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്ന സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K