21 July, 2022 10:21:17 AM


ആണും പെണ്ണും ഒന്നിച്ചിരുന്നതിന് ബെഞ്ച് വെട്ടിപൊളിച്ചു; മടിയിൽ ഇരുന്ന് വിദ്യാർഥികളുടെ മറുപടി



തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നതായി ആരോപിച്ച്‌ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചവര്‍ക്ക് വിദ്യാര്‍ഥികളുടെ മറുപടി. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപമാണ് സംഭവം.

ചൊവ്വാഴ്ച വൈകിട്ടോടെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച്‌ ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലായത് കണ്ടത്. ആദ്യം വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല. പിന്നാലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് മനസിലായതോടെയാണ് മറുപടിയുമായി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ എത്തിയത്.

ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സംഭവം വൈറലായതോടെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K