26 August, 2022 07:53:07 PM


തിരുവനന്തപുരത്തെ തോക്ക് ചൂണ്ടി കവര്‍ച്ച: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്



തിരുവനന്തപുരം: നഗരത്തില്‍ പോലീസിനും നാട്ടുകാര്‍ക്കും നേരേ തോക്ക് ചൂണ്ടി രക്ഷപ്പെട്ട മോഷ്ടാക്കള്‍ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. മോഷ്ടാക്കളായ രണ്ടുപേരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രയിനില്‍ രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ഇവരുടെ ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് മോനിഷും ഇയാളുടെ കൂട്ടാളിയുമാണ് നഗരമധ്യത്തില്‍ തോക്ക് ചൂണ്ടി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്നും മോനിഷിനൊപ്പം ഒരു യുവതി താമസിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ യുവതിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തിങ്കളാഴ്ച കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ഇവര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അറിയുന്നു. അവിടെ നിന്നും ഉടനെ രക്ഷപെടാനുള്ള ട്രയിന്‍ കോട്ടയം പാസഞ്ചര്‍ ട്രയിനാണ്. കോട്ടയം വഴിയുള്ള ട്രയിനിലോ, വേളാങ്കണ്ണിക്കുള്ള ട്രയിനില്‍ തമിഴ്നാട്ടിലേക്കോ പ്രതികള്‍ കടന്നിട്ടുണ്ടാകാം എന്നും പോലീസ് സംശയിക്കുന്നു.


മോനിഷ് അടക്കമുള്ള ആറംഗ മോഷണസംഘം ഒരുമാസത്തോളമായി തിരുവനന്തപുരത്ത് തമ്പടിച്ചിരുന്നതായാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 24-നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. തുണിവില്പ്പനക്കാരെന്ന വ്യാജേനയാണ് ഇവര്‍ നഗരത്തില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. മോനിഷും യുവതിയും വഞ്ചിയൂരിലെ വാടക വീട്ടിലായിരുന്നു താമസം. പകല്‍ സമയത്ത് തുണിവില്പ്പനയ്ക്കിറങ്ങുന്ന സംഘം ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച് പിന്നീട് കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. നഗരത്തില്‍ അടുത്തിടെ നടന്ന പല മോഷണങ്ങള്‍ക്കും പിന്നിലും ഇവരാണെന്നാണ് പോലീസിന്റെ സംശയം. 

കഴിഞ്ഞദിവസം മോനിഷും യുവതിയും താമസിച്ചിരുന്ന വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് കമ്പിപ്പാര, സ്‌ക്രൂ ഡ്രൈവറുകള്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തി. അതേസമയം, കഴിഞ്ഞദിവസത്തെ സംഭവത്തിന് പിന്നാലെ യുവതി അടക്കമുള്ള സംഘാംഗങ്ങളെല്ലാം ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ തിരുവനന്തപുരം നഗരത്തിലോ അയല്‍ജില്ലകളിലോ ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ചയാണ് നഗരത്തില്‍ രണ്ടുപേര്‍ രണ്ടുപേര്‍ സ്‌കൂട്ടറില്‍ കറങ്ങിനടന്ന് മോഷണം നടത്തിയത്.


ആറ്റുകാലിലെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച സംഘം പിന്നീട് ഇടപ്പഴഞ്ഞിയില്‍ എത്തി. ഇവിടെ ആളില്ലാത്ത വീട് കുത്തിത്തുറക്കുന്നതിനിടെ സമീപവാസികളുടെ കണ്ണില്‍പ്പെട്ടു. ഇതോടെയാണ് തോക്ക് ചൂണ്ടി രണ്ടുപേരും രക്ഷപ്പെട്ടത്. പിന്നീട് പോലീസ് പിന്തുടര്‍ന്നെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിന് നേരേയും തോക്ക് ചൂണ്ടി പ്രതികള്‍ കടന്നുകളയുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞദിവസം പി.എം.ജിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോവളം സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍നിന്നാണ് ഇവര്‍ സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തതെന്നും പിന്നീട് നമ്പര്‍ പ്ലേറ്റ് മാറ്റി ഉപയോഗിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K