12 March, 2023 11:09:19 PM


ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം - അമിത് ഷാ



തൃശ്ശൂര്‍:  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ എന്നാണ് അണയ്ക്കാൻ സാധിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു. ലൈഫ് മിഷൻ അഴിമതിയിൽ കേരളത്തിന്‍റെ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം. സ്വർണക്കടത്ത് കേസിലും കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുന്നു. ഈ കേസിൽ ജനങ്ങൾ വെറുതെ വിടില്ല, 2024 ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോൺഗ്രസിനെക്കൊണ്ടും കമ്മ്യൂണിസ്റ്റിനെക്കൊണ്ടും കേരളത്തിന്‍റെ വികസനം സാധ്യമല്ലെന്ന് അമിത്ഷാ പറഞ്ഞു.  2024 ൽ നരേന്ദ്ര മോദിക്ക് ഒരിക്കൽ കൂടി അവസരം നൽകുവാന്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കഴിഞ്ഞത് മോദി സർക്കാർ ചെയ്ത പ്രധാന കാര്യമാണ്. എന്നാൽ ഈ നടപടിയെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും സ്വാഗതം ചെയ്തില്ല. തീവ്രവാദികൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിന്‍റെ വികസനത്തിനായി യുപിഎ സര്‍ക്കാര്‍ എന്താണ് ചെയ്തത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി നിരവധി പദ്ധതികള്‍ അനുവദിച്ചു.  കര്‍ഷകര്‍ക്ക് കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു നൽകി. കാസർകോടിന് 50 മെഗാവാട്ട് സോളാർ പദ്ധതിക്ക് അനുമതി നൽകി. തൊഴിലുറപ്പ് പദ്ധതിക്ക് 8500 കോടി നൽകി. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1950 കോടി രൂപ അനുവദിച്ചു. എറണാകുളം ടൗൺ, നോർത്ത്, കൊല്ലം റെയിൽ സ്റ്റേഷനുകൾ വിമാനത്താവളത്തിൻ്റെ നിലവാരത്തിലാക്കും. ദേശീയപാത 66 ന് വേണ്ടി 55000 കോടി രൂപ അനുവദിച്ചെന്നും  കൊച്ചിയിൽ ഭാരത് പെട്രോളിയം കോംപ്ലക്സിന് 6000 കോടി ചെലവാക്കിയെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ കമ്മൂണിസ്റ്റിനെയും കോൺഗ്രസിനെയും മാറി മാറി തിരഞ്ഞെടുക്കുന്നു. ലോകം കമ്മ്യൂണിസ്റ്റിനെയും രാജ്യം കോണ്‍ഗ്രസിനെയും നിരാകരിച്ചതാണ്. 2024 ൽ കേരളത്തിൽ ബിജെപിക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്യുണിസ്റ്റും കോൺഗ്രസും ത്രിപുരയിൽ ഒരുമിച്ച് നിൽക്കുന്നു. കേരളത്തിൽ ഇവർ പരസ്പരം തല്ലുന്നു. നിലനിൽപ്പിന് വേണ്ടിയാണ് ഇവർ ത്രിപുരയിൽ ഒരുമിച്ചത്. കോൺഗ്രസുകാർ രാജ്യത്തെ പാതാളം വരെ താഴ്ത്തിയെന്നും  മോദി രാജ്യത്തിന്‍റെ യശസ്സ് ഉയർത്തിയെന്നും അമിത് ഷാ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K