23 April, 2023 02:39:36 PM


ശസ്ത്രക്രിയയ്ക്ക് വിധേയയായ മധ്യവയസ്ക മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ



തിരുവനന്തപുരം: കാരക്കൊണം സിഎസ്ഐ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ മധ്യവയസ്ക മരിച്ചു. നെയ്യാറ്റിൻകര പരണിയം സ്വദേശി ചന്ദ്രിക (62) ആണ് മരിച്ചത്. മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ 19-ാം തീയതിയാണ് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ചന്ദ്രികയെ സിഎസ്ഐ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 19-ാം തീയതി രാവിലെ എട്ട് മണിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞു രണ്ട് മണിക്ക് തിരിച്ചു വെന്‍റിലേറ്റർ സഹായത്തോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്റർ ഉപയോഗിക്കുന്നതിന്‍റെ കാരണം ബന്ധുക്കൾ തിരക്കിയപ്പോൾ ബിപി കുറവാണെന്നാണ് ആശുപത്രി അധികൃതർ മറുപടി നൽകിയത്.

കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹറിനിൽ നിന്നും സഹോദരി ഗിരിജയോടൊപ്പം നാട്ടിൽ വന്നതാണ് ചന്ദ്രിക. 18 വർഷമായി ബഹറിനിൽ സ്കൂളിൽ ക്ലിനിങ്ങ് ജോലി ചെയ്തുവരികയായിരുന്നു ചന്ദ്രിക. കഴിഞ്ഞ കുറച്ചുകാലമായി വയറുവേദനയെ തുടർന്നുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. ബഹറിനിലെ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ വൃക്കയിൽ കല്ലുണ്ടെന്ന് വ്യക്തമായി. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതോടെയാണ് നാട്ടിലേക്ക് വന്നത്.

അതേസമയം ചന്ദ്രികയുടെ മരണത്തെകുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകി. ആരോഗ്യ വകുപ്പിലും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K