25 April, 2023 01:55:58 PM


ജെഡിയു സംസ്ഥാന പ്രസിഡന്‍റിനെതിരെ കലഹം രൂക്ഷം; നേതാക്കള്‍ ആര്‍ജെഡിയിലേക്ക്



കൊല്ലം: ജെഡിയു സംസ്ഥാന പ്രസിഡന്‍റിനെതിരെയുള്ള കലഹം പാര്‍ട്ടിയില്‍ കൂടുതൽ രൂക്ഷമാകുന്നു. "തന്നെ അനുസരിച്ചു നിൽക്കാൻ കഴിയാത്തവർ പുറത്തു പോകുന്നെങ്കിൽ പോകട്ടെ" എന്ന ധിക്കാരപരമായ നിലപാട് ജെഡി യു സംസ്ഥാന പ്രസിഡന്‍റ് സ്വീകരിച്ചതോടെ ജെഡിയു കോട്ടയം, ഇടുക്കി, വയനാട് ജില്ലാകമ്മിറ്റികൾക്കു പിന്നാലെ കൊല്ലം ജില്ലാക്കമ്മറ്റിയും ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്നു രാജി വെച്ച് ആര്‍ജെഡിയില്‍ ലയിച്ചു.

നിലവിൽ യുഡിഎഫി-ന്‍റെ ഘടക കക്ഷിയാണ് ആര്‍ജെഡി.  പ്രസിഡന്‍റിന്‍റെ ഏകാധിപത്യ സംഘടനാ പ്രവർത്തന ശൈലിയിൽ  പ്രതിഷേധിച്ചാണ് ജില്ലാകമ്മിറ്റികള്‍ ആര്‍ജെഡിയില്‍ ലയിക്കുന്നത്.
  
 പ്രസിഡന്‍റിന്‍റെ  ധിക്കാരപരമായ പ്രവണതകളില്‍ പ്രതിഷേധിച്ച് തങ്ങളും തങ്ങളോടൊപ്പം കൊല്ലം ജില്ലാക്കമ്മറ്റി ഒന്നാകെയും പാര്‍ട്ടിയില്‍ നിന്നു രാജി വെച്ച് ആര്‍ ജെ ഡിയില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്‍റ് നെടുവത്തൂർ ഷാനു, ജില്ലയിൽ നിന്നുള്ള സംസ്ഥാന ക്കമ്മറ്റിയംഗങ്ങളായ ആവനൂർ അംജിത് ഖാൻ, ഷിജു പുലമൺ, മുഹമ്മദ് ഹിലാൽ, വെളിയം ഷിഹാബുദ്ധീൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പ്രസിഡന്‍റിന്‍റെ ഏകാധിപത്യ പ്രവണത സഹിക്കാനാവാതെ അവശേഷിക്കുന്ന ജില്ലകളിലെ നേതാക്കളും പ്രവർത്തകരും കൂടി അധികം വൈകാതെ പാർട്ടി വിടാൻ നിർബന്ധിതരാവുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി. പ്രസിഡണ്ടിന്‍റെ പ്രതികാര ബുദ്ധിയും തന്നിഷ്ടത്തോടെയുള്ള പ്രവർത്തനങ്ങളും മൂലം പാർട്ടി ഭാരവാഹികൾക്ക് യോജിച്ചു പോകാനും പാർട്ടി വളർത്താനും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

കൊല്ലം ജില്ലാ പ്രസിഡന്‍റ് നെടുവത്തൂർ ഷാനുവിന്‍റെ അദ്ധ്യക്ഷതയിലും സംസ്ഥാന ക്കമ്മറ്റിയംഗങ്ങളായ ആവനൂർ അംജിത് ഖാൻ,  മുഹമ്മദ് ഹിലാൽ, ഷിജു പുലമൺ, വെളിയം ഷിഹാബുദ്ധീൻ എന്നിവരുടെ സാന്നിദ്ധ്യത്തിലും മാർച്ച് 26 ന് കൊട്ടാരക്കരയിൽ ജില്ലാകമ്മിറ്റി യോഗം ചേർന്ന്  കൊല്ലം ജില്ലാക്കമ്മറ്റി പിരിച്ചു വിടാനും കമ്മറ്റി ഒന്നടങ്കം ജെഡിയു വിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ച് ലാലു പ്രസാദ് യാദവ് നയിക്കുന്ന ആര്‍ജെഡി യിൽ ലയിക്കാനും ഐകകണ്ഠേന തീരുമാനിച്ചതായി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K