02 May, 2023 02:00:35 PM


സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ



തിരുവനന്തപുരം: സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബിജെപി കൗൺസിലർ വി ജി ഗിരികുമാറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ന​ഗരസഭയിലെ പിടിപി നഗർ വാർഡ് കൗൺസിലറാണ് ​ഗിരികുമാർ. ​ഗൂഢാലോചനയിൽ ഗിരികുമാറിന് പ്രധാനപങ്കുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. 

ഇന്ന് കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകനും അറസ്റ്റിലാ‌യിരുന്നു. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.  ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ചത്. 

കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദ്യം അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തി‌യത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസായിരുന്നു ഇത്. പൂ‍ജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെയും പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകള്‍ നഷ്ടമായത്. 

പ്രതികള്‍ ആശ്രമത്തിന് മുന്നിൽ ഷിബുവിന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. ഈ കൈയെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിലെടുത്തുവെന്ന് മഹസറിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. കോടതി സ്റ്റേഷനിൽ സൂക്ഷിക്കാനായി ഈ കൈയെഴുത്ത് മടക്കി നൽകി. പക്ഷെ ഇതിപ്പോള്‍ കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമണ്‍കടവ് ഭാഗത്തെ ഐഡിയ, വോഡോഫോണ്‍ കമ്പനികളുടെ ടവറിൽ നിന്നുള്ള ഫോണ്‍ വിളി വിശദാംശങ്ങള്‍ ആദ്യ സംഘം കമ്പനിയിൽ നിന്ന് ശേഖരിച്ചു. പക്ഷെ ഈ വിവരങ്ങളും ഇപ്പോള്‍ കാണാനില്ല. അഞ്ച് സി സി ടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിൽ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ട് ദൃശ്യങ്ങളും കേസ് ഫയലില്ല. ഈ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികള്‍ നശിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിൻെറ കണ്ടെത്തൽ. തെളിവുകള്‍ നഷ്ടമായതെന്നറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുപറയുകയോ ഉന്നത ഉദ്യോഗസ്‌ഥർക്ക് റിപ്പോർട്ട് നൽകുകയോ ചെയ്തിരുന്നില്ല. എസ്പി സദാനന്ദൻെറ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് ചോർച്ച കണ്ടെത്തി വിവരം ക്രൈം ബ്രാഞ്ച് എഡിജിപിയെ അറിയിച്ചത്.  

ആദ്യ അന്വേഷണ സംഘം പലതും ഒളിച്ചുവെന്നാണ് സന്ദീപാനന്ദഗിരിയുടെയും പരാതി.  എസ്പി സുനിൽ കുമാറിന്‍റെയും ഡിവൈഎസ്പി എം.ഐ.ഷാജിയും നേതൃത്വത്തിലുളള നാലാമത്തെ സംഘമാണ് ആശ്രമം കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. നിലവിൽ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.   


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K