14 June, 2023 04:22:06 PM


തിരുവനന്തപുരത്ത് ഗൃഹനാഥൻ വീടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ



തിരുവനന്തപുരം: മംഗലപുരത്ത് ഗൃഹനാഥൻ വീടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ. ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു (62) വിനെയാണ് രാവിലെ വീടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്. വീട്ടിനോടുചേർന്ന കടയ്ക്കു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്.

കാർഡ് ബോർഡ് പെട്ടികളും മറ്റും മൃതദേഹത്തിനു ചുറ്റും കത്തിയ നിലയിലാണുള്ളത്. ഭാര്യയുമായി പിണക്കത്തിലായ ഇയാൾ കടയോടു ചേർന്ന ചായ്പ്പിലാണ് കിടന്നിരുന്നത്. രാവിലെ വീട്ടിനു പുറത്തിറങ്ങിയ ഇയാളുടെ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ രാജുവിന്‍റെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ച് മംഗലപുരം പോലീസ് സ്ഥലത്തെത്തി.

പ്രവാസിയായിരുന്ന രാജു ഒന്നര വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തുടർന്ന് വീട്ടിനോടു ചേർന്ന് ചായക്കട നടത്തുകയായിരുന്നു. വീട്ടിൽ ഭാര്യയും ഭിന്ന ശേഷിക്കാരനായ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസ്വാഭാവിക മരണത്തിന് മംഗലപുരം പോലീസ് കേസെടുത്തു.

ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് മംഗലാപുരം പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K