29 June, 2023 01:06:30 PM


വിഴിഞ്ഞത്ത് യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചുകടന്ന പ്രതികൾ പിടിയിൽ



തിരുവനന്തപുരം: വിഴിഞ്ഞം തെന്നൂർക്കോണം ഞാറവിളയിൽ യുവതിയുടെ കഴുത്തിൽ നിന്നു 5 പവൻ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. വിഴിഞ്ഞം കരയടി വിള പിറവിളാകം വീട്ടിൽ കൊഞ്ചൽ എന്നു വിളിക്കുന്ന ജിതിൻ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടിൽ ഇമാനുവേൽ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിത്തോട്ടം വീട്ടിൽ ഫെലിക്സൺ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് വർക്കലയിലെ റിസോർട്ടിൽ നിന്നും പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ നടന്ന സംഭവത്തിൽ ഞാറവിള എസ്.എസ്.ഭവനിൽ എസ്.എസ്. ഷിജുവിന്‍റെ ഭാര്യ വി.രാഖി(30)യുടെ മാലയാണ് വീടിന് സമീപം വച്ച് പൊട്ടിച്ച് കടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിനു പരിക്കേറ്റു. സ്കൂളിൽ നിന്ന് മകനെ വിളിക്കാൻ വീടിനു സമീപത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ പുറകിലൂടെ നടന്നെത്തിയ ജിതിനാണ് മാല പൊട്ടിച്ചത്.

പരാതി ലഭിച്ചതോടെ വിഴിഞ്ഞം എസ്.ഐ. സമ്പത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട് സെർച്ച് ചെയ്ത പൊലീസിന് നിരവധി സ്ഥലത്തുള്ളവരുടെ പേരും നമ്പരും എഴുതി സൂക്ഷിച്ച ചെറിയ തുണ്ട് പേപ്പർ കിട്ടി. ഇതിലെ നമ്പരുകളിൽ ബന്ധപ്പെട്ടപ്പോൾ പ്രതിയും മറ്റ് രണ്ടു പേരുമായി പച്ച നിറമുള്ള ഓട്ടോയിൽ കായംകുളത്ത് എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ വർക്കലയിൽ ഉള്ളതായി കണ്ടെത്തി.

വിഴിഞ്ഞം പൊലീസ് ഇവിടെ എത്തി നടത്തിയ പരിശോധനയിലാണ് റിസോർട്ടിൽ നിന്നും പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്നും നാലരപ്പവന്‍റെ മാല കണ്ടെടുത്തു. മാലയിലെ ലോക്കറ്റ് പാരിപ്പള്ളിയിലെ ഒരു കടയിൽ വിറ്റതായി പ്രതി പറഞ്ഞു. പ്രതിയുമായി സ്ഥലത്തെത്തി ലോക്കറ്റ് കണ്ടെടുക്കുമെന്ന് എസ്. ഐ കെ. എൽ സമ്പത്ത് പറഞ്ഞു. വിഴിഞ്ഞം സി. ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. എൽ. സമ്പത്ത്, ജി.വിനോദ്, പ്രസാദ്, എസ്. സി. പി. ഒ ഷൈൻ രാജ്, അരുൺ. പി. മണി, രാമു. പി. വി എന്നിവരടങ്ങുന്ന സംഘമാണ്  പ്രതികളെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K