29 June, 2023 07:50:31 PM


അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനം ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു



തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശിവകുമാറിന്‍റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ചികിത്സയിലായിരുന്നു.

46 വർഷം മുൻപാണ് ആനയെ ക്ഷേത്രത്തിൽ‌ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആനയായി. തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ആന ഭാഗമായി. നവരാത്രി ഘോഷയാത്രയിലടക്കം തലയെടുപ്പോടെ മുന്നിൽ നിന്ന ശ്രീകണ്ഠേശ്വരം ശിവകുമാർ ഉണ്ടായിരുന്നു.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്ര തുടങ്ങിയ തിരുവനന്തപുരത്തെ ഭൂരിഭാഗം ഉത്സവങ്ങൾക്കും ശിവകുമാർ തിടമ്പേറ്റിയിട്ടുണ്ട്.

മൈസൂർ വനാന്തരങ്ങളില്‍ നിന്ന് തമിഴ്നാട് മുതുമല ക്യാമ്പിലെത്തിയ ആനയെ അവിടെ ചിട്ടവട്ടങ്ങൾ പഠിച്ച് ഉശിരൻ കൊമ്പനാനയാക്കി മാറ്റി. അവിടെ നിന്ന് കന്യാകുമാരി ജില്ലയിലെ പൊന്നയ്യൻ പെരുവട്ടർ എന്നയാൾ ലേലത്തിൽ വാങ്ങി. അവിടെ നിന്ന് മറ്റൊരു ഉടമ വാങ്ങി. കൃഷ്ണകുമാർ എന്നായിരുന്നു അവിടെ വിളിപ്പേര്.

തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് നടയ്ക്കിരുത്താൻ ഒരു ആനയെ തേടിയുള്ള അന്വേഷണമാണ് ശിവകുമാറിലേക്ക് എത്തിയത്. 1983-84ൽ ശ്രീകണ്ഠേശ്വരം ശിവകുമാറായി. പിന്നീട് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K