03 July, 2023 12:20:22 PM


റോഡരികിൽ കിടന്ന യുവാവിന്‍റെ കാലിലേക്ക് കാര്‍ പാഞ്ഞു കയറി; രക്ഷപ്പെടുത്തി ഫയർഫോഴ്സ്



തിരുവനന്തപുരം: വളവിൽ വെച്ച് നിയന്ത്രണം വിട്ട കാറിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം വെള്ളായണി മുകലൂർമൂല ആണ് സംഭവം. വെള്ളായണി മുകളൂർമൂല മണലിയിൽ വീട്ടിൽ സിജി (44) ആണ് അപകടത്തിൽപ്പെട്ടത്. 

വെള്ളായണി ഊക്കോട് റോഡിൽ ആണ് അപകടം. റോഡരികിൽ കിടക്കുകയായിരുന്ന സിജിയെ ശ്രദ്ധിക്കാതെ വളവ് തിരിഞ്ഞ് വന്ന കാർ കയറുകയായിരുന്നു. സിജി മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. 

വാഹനം സിജിക്ക് മുകളിൽ കയറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവതി കാർ നിർത്തി ആളുകളെ അറിയിച്ചു. നാട്ടുകാർ ഓടിയെത്തി നോക്കുമ്പോൾ കാറിന് അടിയിൽ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽപ്പെട്ട നിലയിൽ ആയിരുന്നു സിജി. 

ഉടൻ തന്നെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചെങ്കൽചൂള ഫയർഫോഴ്സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച കാർ ഉയർത്തിയെങ്കിലും കാൽ പുറത്തെടുക്കുക വളരെ ദുഷ്കരം ആയിരുന്നു. 

ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അപകടത്തിൽപ്പെട്ട ആൾക്ക് കൂടുതൽ പരിക്ക് ഉണ്ടാക്കും എന്നതിനാൽ കാറിന്‍റെ വീൽ അഴിച്ചു മാറ്റി ഏറെ പണിപ്പെട്ടാണ് ആക്സിൽനുള്ളിൽ കുടുങ്ങി പോയ കാൽ ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ മോചിപ്പിച്ചത്. 

തുടർന്ന് സിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽ ചൂള ഫയർഫോഴ്സ് അസിസ്റ്റന്‍റ് സ്റ്റേഷന് ഓഫീസർ അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺകുമാർ, പ്രദോഷ്, വിഷ്ണുനാരായണൻ, അരുൺ, സാനിത്, അനീഷ്, അനു, രതീഷ്കുമാർ, ഷൈജു, ഹോം ഗാർഡ് രാജാശേഖരൻ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K