08 August, 2023 12:50:33 PM


വിലക്കയറ്റത്തെ ചൊല്ലി സഭയിൽ തർക്കം; കേരളം ഇന്ത്യയ്‌ക്ക് മാതൃകയെന്ന് ഭക്ഷ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. സഭ നിർത്തി വച്ച് വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. അടിയന്തര പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം കുറവാണെന്നും വിലക്കയറ്റം കുറയ്ക്കാനായി സംസ്ഥാന സർക്കാർ സജീവമായി വിപണിയിൽ ഇടപെടുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പ്രതിപക്ഷത്തിന് മറുപടി നൽകി.

കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ മൂലമാണ് വിലക്കയറ്റം ഉണ്ടാകുന്നത്. 13 അവശ്യ വസ്തുക്കൾ സംസ്ഥാനത്ത് ഇപ്പോഴും 2016 ഏപ്രിൽ മാസത്തിലെ വിലയ്ക്കാണ് നൽകുന്നത്. സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയതിനെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എംഎൽഎ നോട്ടീസ് നൽകിയിരുന്നു. 

എന്നാൽ അതിന്‍റെ ആവശ്യമില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. കേരളത്തിലെ പൊതു വിതരണ കേന്ദ്രങ്ങൾ രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെമ്പാടുമുള്ള വില വർധന കേരളത്തിനെയും ബാധിച്ചിട്ടുണ്ട്. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്നത് തെറ്റായ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലെന്നും വിപണിയിൽ സജീവമായി ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നു. ഓണക്കാലത്ത് നീല, വെള്ള കാർഡ് ഉടമകൾക്ക് 5 കിലോ അരിവീസം സ്പെഷ്യൽ ആയി നൽകും. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വീതം വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K