22 August, 2023 06:30:45 PM


അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം- വനം മന്ത്രി



തിരുവനന്തപുരം: അരിക്കൊമ്പൻ എന്ന കാട്ടാനയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. തമിഴ്‌നാട് വനമേഖലയില്‍ ഉള്ള അരിക്കൊമ്പന്‍ എന്ന കാട്ടാന ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ നത്തുന്നുണ്ട്. എന്നാല്‍ അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അപ്പര്‍ കോതയാറിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. ഓഗസ്റ്റ് 19, 20 തീയതികളില്‍ കളക്കാട് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടറും തമിഴ്‌നാട് വനം വകുപ്പ് ജീവനക്കാരും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നതെന്നും സമീപത്ത് മറ്റ് ആനക്കുട്ടങ്ങള്‍ ഉണ്ടെന്നും തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റേഡിയോ കോളറില്‍ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്‌നലുകളിലൂടെ ആനയുടെ ചലനരീതി നിരന്തരം നിരിക്ഷിക്കുന്നുമുണ്ട്. കേരള വനം വകുപ്പും റേഡിയോ കോളര്‍ വഴി പെരിയാറില്‍ ലഭിക്കുന്ന സിഗ്നലുകള്‍ പരിശോധിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. 

അരിക്കൊമ്പനെ സംബന്ധിച്ചുള്ള വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K