28 September, 2023 04:00:50 PM


നിയമന കോഴ വിവാദം; പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ അഖിൽ സജീവ്



തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരന്‍ അഖില്‍ സജീവ്. അഖില്‍ മാത്യുവിന് ഇടപാടില്‍ പങ്കില്ലെന്നാണ് ഒളിവിലുള്ള അഖില്‍ സജീവ് വെളിപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരന്‍ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും അഖില്‍ സജീവ് പറഞ്ഞു. 

എഐഎസ്‌എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്‍ ലെനിനുമാണ് നിയമനത്തില്‍ ഇടപെട്ടതെന്നാണ് അഖില്‍ സജീവിന്‍റെ ആരോപണം. തന്‍റെ അക്കൗണ്ടിലേക്ക് ഹരിദാസന്‍ അയച്ചുവെന്ന് പറയുന്ന 25,000 രൂപ ലെനിന്‍ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയച്ചുവെന്നും അഖില്‍ സജീവന്‍ പറഞ്ഞു.

അതേസമയം, മന്ത്രി വീണ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് പണം നല്‍കി എന്ന ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പരാതിക്കാരന്‍ ഹരിദാസ്. ഏപ്രില്‍ പത്താം തിയതി വൈകുന്നേരം നാലിനും ആറിനും ഇടയിലാണ് പണം കൈമാറിയതെന്നും തുടര്‍ന്ന് ഏഴരയ്ക്കുള്ള ട്രെയിനില്‍ മടങ്ങിയെന്നും ഹരിദാസ് പറയുന്നു. എന്നാല്‍, ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഹരിദാസ് സൂചിപ്പിച്ചിരുന്നത് ഏകദേശം 2:30ന് പണം നല്‍കി എന്നായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K