15 February, 2024 07:23:44 PM


കാഞ്ഞിരപ്പള്ളിയില്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ



കാഞ്ഞിരപ്പള്ളി:  യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, നിരണം ഭാഗത്ത്  ആശാൻകുടിയിൽ വീട്ടിൽ  സാജൻ പി.എസ് (28) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ സച്ചു സത്യനും   ചേർന്ന് ജനുവരി പതിമൂന്നാം തീയതി രാത്രി 8:30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ വിഴിക്കത്തോട് ഭാഗത്ത് വച്ച്  ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് മകരവിളക്കിനോടനുബന്ധിച്ച് വിഴിക്കത്തോട് ഭാഗത്തെ ഹോട്ടലിന്‌ മുന്‍വശം അലങ്കാര പണികൾ ചെയ്തുകൊണ്ടിരിക്കുന്ന സമയം സ്കൂട്ടറിൽ എത്തിയ ഇവര്‍   യുവാവിന്റെ സുഹൃത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടഞ്ഞ യുവാവിനെ  ഇവർ സംഘം ചേർന്ന്  കയ്യിൽ കരുതിയിരുന്ന സ്റ്റീലിന്റെ കമ്പി കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. 

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സച്ചു സത്യനെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കൊല്ലം പൂയപ്പള്ളിയിൽ നിന്നും  പിടികൂടുന്നത്. ഇയാൾക്ക് പുളിക്കീഴ്  സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്ക്, എ.എസ്.ഐ ഹാരിസ്, സി.പി.ഓ മാരായ ബിനോ.കെ.രമേശ്‌, പിഷോര്‍ ലാല്‍, ബിനു  എന്നിവര്‍ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K