01 September, 2024 02:02:33 PM


കടപുഴകി റോഡിൽ വീണ മരത്തിൽ ഓട്ടോയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം



വെളിയന്നൂർ: കാറ്റിൽ റോഡിലേക്ക് കടപുഴകി വീണ മരത്തിൽ ഓട്ടോയിടിച്ച് മീൻ വിൽപ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്. വൈക്കം- തൊടുപുഴ റോഡിൽ കാഞ്ഞിരമല കോൺവെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടം. ഒന്നര വർഷമായി വെളിയന്നൂർ- അരീക്കര റോഡിൽ മീൻ വിൽപ്പന നടത്തുന്ന ബിജു കാഞ്ഞിരമല ഭാ​ഗത്ത് വാടക വീട്ടിലാണ് താമസം.

പുലർച്ചെ വിൽപ്പനയ്ക്കുള്ള മീൻ വാങ്ങുന്നതിനായി ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് അപകടം. രാത്രി ഈ ഭാ​ഗത്തുണ്ടായ കാറ്റിൽ ആഞ്ഞിലി മരം റോ‍ഡിലേക്ക് വീണു കിടക്കുകയായിരുന്നു. ഇതിലാണ് ബിജു സഞ്ചരിച്ച ഓട്ടോയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണ ബിജുവിന്റെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അ​ഗ്നിരക്ഷാ സേനയെത്തി ഉടൻ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബ്ലെസി. മക്കൾ: ജഫ്രിൻ, ജസ്റ്റിന, ജസിയ. മൂവരും വിദ്യാർഥികൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K