01 December, 2025 02:49:11 PM
രാഹുലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യും; തെളിവെടുപ്പിനിടെ രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ വിഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറെ തെളിവെടുപ്പിനായി പൗഡിക്കോണത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ലാപ്‌ടോപ്പ് അടക്കം കൂടുതല്‍ തെളിവുകള്‍ക്കായാണ് രാഹുല്‍ ഈശ്വറെ വീട്ടിലെത്തിച്ചത്. മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ പങ്കുവയ്ക്കുന്നത് നിര്‍ത്തില്ലെന്നും രാഹുല്‍ ഈശ്വര്‍ വിളിച്ചുപറഞ്ഞു. തെളിവെടുപ്പിന് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൗഡികോണത്തെ വീട്ടിലെത്തിയപ്പോള്‍ ലാപ്‌ടോപ്പ് ഓഫീസിലാണെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. രാഹുല്‍ വീഡിയോ ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് എത്തിയത്. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്നും ഏഴ് മണിക്കുള്ള ചര്‍ച്ചയ്ക്ക് മുമ്പ് എത്താന്‍ സാധിക്കുമോ എന്നും രാഹുല്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് രാഹുല്‍ മുറിയിലെത്തി ലാപ്‌ടോപ് ഒളിപ്പിക്കുകയും ഇക്കാര്യം വീഡിയോയില്‍ പറയുകയും ചെയ്യുന്നുണ്ട്.
'പൊലീസ് ലാപ്‌ടോപ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ എടുത്ത് മാറ്റട്ടെ. ഞാന്‍ തിരിച്ചെത്തിയില്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യും. ചുമ്മാ പേടിപ്പിക്കാന്‍ നോക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്. നമുക്ക് കാണാം', എന്നാണ് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിനെ മണിക്കൂറുകളോളം ചോദ്യംചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രാഹുല്‍ നേരത്തെ ചിത്രീകരിച്ച വീഡിയോ ഇതിനിടയില്‍ പുറത്തുവരികയും ലാപ്‌ടോപ് വീട്ടില്‍ത്തന്നെയാണ് ഉള്ളതെന്ന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്നാണ് ഒളിപ്പിച്ച ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് രാഹുലുമായി വീട്ടിലെത്തിയതെന്നാണ് വിവരം.
ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് രാഹുല്‍ ഈശ്വറെ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. യുവതിയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍, സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






