22 January, 2026 03:41:40 PM
അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല, ഷിംജിത ചിത്രീകരിച്ചത് 7 വീഡിയോകൾ; റിമാൻഡ് റിപ്പോർട്ട്

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത ഫോണിൽ ഏഴ് വീഡിയോകൾ ചിത്രീകരിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ല. ദീപക് ആത്മഹത്യ ചെയ്തത് മനോവിഷമത്തിൽ എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഷിംജിത ജാമ്യാപേക്ഷ സമർപ്പിച്ചു.
അസിസ്റ്റൻ്റ് പ്രൊഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസ്സിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഷിംജിതയും ദീപകും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. ഷിംജിത വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റ് അധികാരപ്പെട്ട നിയമ കേന്ദ്രങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയതായും കാണുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
റിമാൻഡ് റിപ്പോർട്ടിൽ വിവാദ പരാമർശവും പൊലീസ് നടത്തുന്നുണ്ട്. ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചാൽ മറ്റ് സ്ത്രീകളും ഇത്തരം പ്രവർത്തികളിലേർപ്പെട്ട്, കൂടുതൽ ആത്മഹത്യകളുണ്ടാകുമെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശം.







