31 January, 2026 12:15:11 PM
ചുവരില്‍ വരച്ചുചേർത്ത സ്വപ്നം യാഥാർഥ്യമായി; മിഥുൻ്റെ കുടുംബത്തിന് വീടൊരുങ്ങി

തിരുവനന്തപുരം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന് വീടൊരുങ്ങി. വീട് മിഥുനിന്റെ കുടുംബത്തിന് കൈമാറി. പടിഞ്ഞാറെകല്ലട വിളന്തറയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി വീടിന്റെ ഉദ്ഘാടനവും കെ എന്‍ ബാലഗോപാല്‍ താക്കോല്‍ കൈമാറ്റവും നിര്‍വഹിച്ചു. 1,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 20 ലക്ഷം രൂപ ചെലവിട്ടാണ് മിഥുന് വീടൊരുക്കിയത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അസോസിയേഷനായിരുന്നു വീട് നിര്‍മ്മാണത്തിന്റെ ചുമതല.
മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു നല്ല വീട് എന്നും ഇന്ന് അവന്റെ ആ സ്വപ്നം 'മിഥുന്‍ ഭവനം' എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
നോവ് ബാക്കിയായി, എന്നാല്‍ മിഥുന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. മിഥുന്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്‌കൂള്‍ മുറ്റത്തെ കളിചിരികള്‍ക്കിടയില്‍ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോള്‍, വിറങ്ങലിച്ചു നില്‍ക്കാനേ നമുക്ക് സാധിച്ചുള്ളൂ. മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം 'മിഥുന്‍ ഭവനം' എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്. മിഥുന്റെ ആഗ്രഹം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. കുട്ടികളില്‍ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്‌ക്വയര്‍ ഫീറ്റില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീര്‍ത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനമാണ്', ശിവന്‍കുട്ടി പറഞ്ഞു.







