18 March, 2026 10:40:01 AM


നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ; സണ്ണി ജോസഫിനെതിരെ സുധാകരന്‍ അനുകൂലികളുടെ പോസ്റ്റര്‍



കണ്ണൂര്‍: പേരാവൂരില്‍ മത്സരിക്കുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് കെ സുധാകരന്‍ അനുകൂലികളുടെ താക്കീത്. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളില്‍ പോസ്റ്ററൊട്ടിച്ചാണ് താക്കീത്. കെ എസ് ബ്രിഗേഡിന്റെ പേരിലാണ് താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. 

പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ കണ്ണൂരിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് സണ്ണി ജോസഫിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നരിുന്നു. കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുളള പ്രദേശങ്ങളില്‍ എട്ടോളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും' ഫ്‌ളക്‌സുകളില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക  ഇന്നലെ പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917