26 March, 2026 07:55:43 PM
അബുദാബിയിലെ ഇറാന്റെ മിസൈലാക്രമണം; കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ

അബുദാബി: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബഹ്റൈനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ജനവാസ മേഖലയില്‍ തീപിടുത്തമുണ്ടായി. അതിനിടെ ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ആറ് അറബ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.
തുടര്‍ച്ചയായ ഇരുപത്തിയേഴാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടരുകയാണ് ഇറാന്‍. യുഎഇ തലസ്ഥാനമായ അബുദാബിയിലെ സൈ്വഹാന്‍ സ്ട്രീറ്റില്‍ പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പരിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാൾ ഇന്ത്യന്‍ പൗരനും മറ്റൊരാള്‍ പാകിസ്താന്‍ സ്വദേശിയുമാണ്. പരിക്കേറ്റ മൂന്ന് പേരിലും ഒരാന്‍ ഇന്ത്യക്കാരനാണ്.
യുഎഇ, ജോര്‍ദാന്‍ സ്വദേശികള്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഇറാന്റെ ആക്രമണത്തില്‍ യുഎഇയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി. ഇന്ന് രാവിലെ ബഹ്റൈന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്‌റഖ് മേഖലയില്‍ തീ പിടിത്തമുണ്ടായി. പ്രദേശത്ത് ശക്തമായ പുക പടര്‍ന്നതിന് പിന്നാലെ അറദ്, ഖലാലി, സമാഹീജ് എന്നിവിടങ്ങളില്‍ പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സൗദി അറേബ്യക്ക് നേരെയും ഇന്നും ഇറാന്‍ തുടര്‍ച്ചയായ ആക്രമണം നടത്തി. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ പതിനേഴിലധികം ഡ്രോണുകള്‍ സുരക്ഷാ സേന തകര്‍ത്തു. കുവൈറ്റിലും വിവിധ മേഖലകളെ ലക്ഷ്യമാക്കി ഇറാന്‍ ഡ്രോണുകളും മിസൈലുകളും അയച്ചു. മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കുവൈറ്റിനെ ഇന്നും ഇറാന്‍ ലക്ഷ്യം വെച്ചത്.





