08 April, 2026 10:31:56 AM
താത്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ; ഹോര്‍മുസ് തുറക്കും

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്.
ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പൂർണമായും നിർത്തിവെയ്ക്കാൻ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90ഡോളറായി.





