20 June, 2026 02:19:25 PM
ലെബനനിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഒരു ഡസനിലേറേ വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്ന് ലെബനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. അര്‍ദ്ധരാത്രിക്ക് ശേഷവും ശനിയാഴ്ച പുലര്‍ച്ചെ വരെയും ആക്രമണം നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. നബത്തിയ പ്രദേശത്തും ഇതിന് ചുറ്റുപാടുമാണ് ആക്രമണങ്ങള്‍ ഉണ്ടായത്.
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ യുഎസും ഇറാനും തമ്മിലുള്ള കരാറില്‍ താമസം നേരിട്ടിരുന്നു. ഇതോടെ ഖത്തറും യുഎസും ചേര്‍ന്നാണ് ഇസ്രയേലിനും ഹിസ്‌ബൊള്ളയ്ക്കുമിടയില്‍ മധ്യസ്ഥത വഹിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടത്. അറബ് സലിം നഗരത്തില്‍ നടന്ന വ്യോമാക്രമണത്തിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. ഡയര്‍ സഹ്‌രാനിയില്‍ ഒരാളും, മോട്ടോര്‍ ബൈക്കിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മറ്റൊരു നഗരമായ ഡ്വയറിലും ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ലെബനനിലെ വടക്കന്‍ പ്രദേശങ്ങളും കിഴക്കന്‍ മേഖലകളിലുമായി 47 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. അതേസമയം തങ്ങളുടെ നാലു സൈനികര്‍ കൊല്ലപ്പെട്ടെന്നും ലെബനനില്‍ നടത്തിയ 150ഓളം ആക്രമണങ്ങലില്‍ ഡസന്‍ കണക്കിന് ഹിസ്ബുള്ള തീവ്രവാദികളെ കൊലപ്പെടുത്തിയെന്നുമാണ് വെള്ളിയാഴ്ച ഇസ്രയേല്‍ അവകാശപ്പെട്ടത്.





