09 March, 2026 09:15:24 AM


മുജ്തബ ഖമനേയി ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു



ടെഹ്‌റാന്‍: ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ മുജ്തബയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. പുതിയ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് അധികകാലം ആയുസ് ഉണ്ടാകില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആരാണോ അവരെ ലക്ഷ്യമിടുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്.

 ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു.ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു ലോകം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്ന പേരും മുജ്തബയുടേതായിരുന്നു. ആയത്തൊള്ള അലിറസ അറാഫി, മൊഹ്‌സെന്‍ ഖോമി, ഹസ്സന്‍ ഖൊമൈനി, മുഹമ്മദ് മെഹ്ദി മിര്‍ബഗേരി തുടങ്ങിയവരുടെ പേരും പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള സാധ്യത പട്ടികയിൽ ഉൾപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K