26 May, 2026 07:49:54 PM


ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു



കൊച്ചി: ബലാത്സം​ഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരിയും 3 സാക്ഷികളും കൂറുമാറിയിരുന്നു. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയത്.

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തില്‍ പറയുന്നത്.

2022 സെപ്റ്റംബർ 28നാണ് ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി തിരുവനന്തപുരത്ത് താമസിക്കുന്ന എറണാകുളം പറവൂർ സ്വദേശിനി എൽദോസ് കുന്നപ്പിള്ളിക്കെിരെ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ എൽദോസ് വാഗ്ദാനം ചെയ്തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916