09 July, 2026 10:04:16 AM


കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍: ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം



കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനിയായ കോറോ ഹെൽത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി.കൂട്ട പിരിച്ചുവിടല്‍ പരാതി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇത്രയധികം പേരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് പൂർണ്ണ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പത്താം തീയതി നടക്കുന്ന ഒത്തുതീർപ്പ് ചർച്ചയിൽ നിർബന്ധമായും പങ്കെടുക്കാൻ കമ്പനി അധികൃതർക്ക് നിർദ്ദേശം നൽകി.

തൊഴിൽ വകുപ്പിന്റെ ഇടപെടലുകൾ ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുതിയ ലേബർ കോഡ് അനുസരിച്ച് ചർച്ച തീരുന്നതുവരെ ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് ഉത്തരവിടാൻ തൊഴിൽ വകുപ്പിന് അധികാരമില്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ, സർക്കാരിന്റെ നീക്കം തർക്കം പരിഹരിക്കാനുള്ള സമവായ ശ്രമങ്ങളുടെ ഭാഗമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ മുൻനിർത്തിത്തന്നെ ഇരുവിഭാഗത്തെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അനുനയ ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. അതേസമയം, കോടതി നിർദ്ദേശങ്ങൾ നിലനിൽക്കെ ജീവനക്കാരോട് കടുത്ത നിലപാടാണ് കമ്പനി സ്വീകരിക്കുന്നത്. ഓഫീസിലെത്തിയ ജീവനക്കാരോട് അകത്ത് പ്രവേശിക്കരുതെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചു. പത്താം തീയതി വരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കാമെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയുണ്ടായിരുന്നെങ്കിലും ഇതിൽ നിന്ന് കോറോ ഹെൽത്ത് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942