06 July, 2026 03:38:16 PM


അമ്പൂരിയില്‍ വാഹനാപകടത്തിൽ മരിച്ച മൂന്നു വയസുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു



തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽ കടവിൽ വാഹന അപകടത്തിൽ മൂന്നു വയസ്സുകാരി ഋതുവേദ മരിച്ച സംഭവത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഋതുവേദയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കുറ്റിയായണിക്കാട് ശ്യാമ വിലാസത്തിൽ അനുപ്രസാദ്- നിഷ ദമ്പതികളുടെ ഏക മകൾ ഋതുവേദയാണ് (3) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം നടന്നത്.

ടെമ്പോ ട്രാവലർ സൈഡിൽ ഒതുക്കിയ ശേഷം ഇവർ പാലം കാണാനായി പുറത്തിറങ്ങുന്നതിനിടയിൽ ഇവർ വന്ന ട്രാവലറിലെ ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടി വാഹനം മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുറ്റിയായണിക്കാട് നിന്നു മൂന്ന് കുടുംബങ്ങൾ ചേർ‌ന്നാണ് ട്രാവലറിൽ യാത്ര തിരിച്ചത്. പരിക്കേറ്റ കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K