09 July, 2026 06:36:37 PM


ചേലാകര്‍മ്മത്തിലെ ചികിത്സാപ്പിഴവ്: എട്ടുവയസുകാരന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി



മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ ചേലാകര്‍മ്മത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കെ. മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ സി.വി. എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. 

2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലാകര്‍മത്തിന് ശേഷം അണുബാധയേറ്റ് പഴുപ്പ് ബാധിച്ച കുഞ്ഞിനെ തൃശൂര്‍ അമലാ ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച് രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.

ഭാവിയില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ ആവശ്യമാണെന്ന് നിര്‍ദേശിച്ചാണ് കുട്ടിയെ അന്ന് ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ആരോഗ്യ വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും ഡോക്ടറുടെ പരിചയക്കുറവാണ് അണുബാധയ്ക്ക് കാരണമായതെന്നും കണ്ടെത്തിയിരുന്നു.

മുന്‍പ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് താൽക്കാലികാശ്വാസമായി രണ്ട് ലക്ഷം രൂപ നല്‍കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ആശുപത്രിയുടെ ശുചിത്വമില്ലായ്മയും ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും കാരണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതം മുന്‍നിര്‍ത്തിയാണ് കമ്മീഷന്റെ കര്‍ശന നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K