27 May, 2026 10:33:56 AM


മോദി- സതീശന്‍ കൂടിക്കാഴ്ച ഇന്നലെ, തൊട്ടുപിന്നാലെ ഇ ഡി റെയ്ഡ്- പി ജയരാജന്‍



കണ്ണൂര്‍: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. റെയ്ഡ് നടക്കുന്ന കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു പ്രതികരണം. എക്‌സാലോജിക് കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയും മുമ്പ് അന്വേഷണ സംഘം കേരള ഹൈക്കോടതിയില്‍ നിന്നും അന്വേഷണത്തിനായി അനുമതി വാങ്ങുകയായിരുന്നുവെന്നും ഇ ഡി സംഘപരിവാറിന്റെ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റ് ആണെന്നും പി ജയരാജന്‍ വിമര്‍ശിച്ചു.

'ഇ ഡിയുടെ ഇരകളാണ് കോണ്‍ഗ്രസ് നേതാക്കള്‍. സംഘപരിവാറിനെ എതിര്‍ക്കുന്ന നേതാക്കളെ കള്ളക്കേസില്‍ ചേര്‍ക്കാന്‍ നടത്തിയിട്ടുള്ള ഹീനമായ ശ്രമത്തിന്റെ പുതിയ അധ്യായമാണിത്. മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്താണ് കേരളം. പലയിടത്തും കോണ്‍ഗ്രസിനെ വിഴുങ്ങി. ഇടതുപക്ഷത്തെ തര്‍ത്തുകൊണ്ടേ സംഘപരിവാറിന് കേരളത്തില്‍ ആധിപത്യം ചെലുത്താനാകൂ. ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കി അന്തരീക്ഷം ഒരുക്കികൊടുക്കുകയാണ് കോണ്‍ഗ്രസ്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും' എന്നും പി ജയരാജന്‍ പറഞ്ഞു.

അധികാരത്തില്‍ നിന്നും ഇടതുപക്ഷത്തെ പുറത്താക്കിയത് തന്നെ കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നും പി ജയരാജന്‍ ആരോപിച്ചു. ഇടതുപക്ഷത്തെ പുറത്താക്കി. കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവന്നു. മത നിരപേക്ഷതയുടെ സംരക്ഷിത തുരുത്തിനെ തകര്‍ത്ത് സംഘപരിവാറിന് കേരളത്തില്‍ ആധിപത്യം ഉണ്ടാക്കണമെങ്കില്‍ തലയടിച്ച് പൊളിക്കണം. ആ തലയാണ് സിപിഐഎം എന്നും ജയരാജന്‍ പ്രതികരിച്ചു.

പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ചോദിച്ചത്. ബംഗാളിലും ത്രിപുരയിലും സിപിഐഎമ്മിനെ തകര്‍ക്കാനുള്ള പദ്ധതി സംഘപരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. സാംസ്‌കാരിക മാര്‍ക്‌സിസത്തെ ഉന്മൂലനം ചെയ്യുമെന്ന് മോദി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാനുള്ള ആസൂത്രണമാണ് കടക്കുന്നത്. കഴിഞ്ഞ ദിവസമാണ് മോദിയും മേനോന്‍ സതീശനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അതിന്റെ തൊട്ടുപിന്നാലെയാണ് റെയ്ഡ്. കൃത്യമായ പ്ലാനിംഗ് ആണ്. ഗ്രാന്‍ഡ് ഡിസൈന്‍. അത് ജനം തിരിച്ചറിയും എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K