12 June, 2026 09:21:14 AM
ഡല്‍ഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായത്. പരിക്കേറ്റ എട്ടു പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ആറു പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ 2.35നും 2.37നും ഇടയിലാണ് തീപിടുത്തമുണ്ടായത്. 3.45ഓടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിന്‍റെ ബേസ്‌മെന്റില്‍ നിന്നും കെട്ടിടത്തിന്റെ രണ്ടുനിലകളിലേക്ക് തീ പടര്‍ന്നെന്നാണ് വിവരം. രക്ഷപ്പെട്ടതില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.
മധ്യംമാര്‍ഗിലെ നയ താരാ അപ്പാര്‍ട്ട്മന്റിന് സമീപമുള്ള ഗലി നമ്പര്‍ 1ല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വളരെ ഇടുങ്ങിയ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നെനാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ യശ്വന്ത് സിങ് മീണ പറയുന്നത്.





