18 June, 2026 01:04:22 PM
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ തുടര്‍ന്ന് വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.
കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കൃത്യമായി ലഭിക്കുന്നതിൽ എല്ലാ വർഷവും വിവിധ തരത്തിലുള്ള തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കാവേരിക്ക് കുറുകെ മേക്കേദാടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്‌നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കർണ്ണാടകയുടെ ഡാം നിർമ്മാണത്തിനെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. സംസ്ഥാനത്ത് വരൾച്ച പ്രതിരോധിക്കുന്നതിനായി ആവശ്യമുള്ള പ്രദേശങ്ങളിൽ പുതിയ തടയണകൾ നിർമ്മിച്ചും മഴവെള്ള സംഭരണം ഊർജ്ജിതമാക്കിയും ഭൂഗർഭജല നിരപ്പ് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.





