03 June, 2026 05:33:43 PM


കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു



ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിലെ ലോക് ഭവനിലുള്ള ഗ്ലാസ് ഹൗസിൽ വൈകിട്ട് 4 മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ഔദ്യോഗിക പദവിയുടെയും രഹസ്യാത്മകതയുടെയും സത്യവാചകം ചൊല്ലിക്കൊടുത്തു.  

ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതനായിരുന്നു.

64 കാരനായ വൊക്കലിംഗ നേതാവായ ഡികെയെ പാർട്ടിയിൽ നടന്ന തീവ്രമായ കൂടിയാലോചനകൾക്കൊടുവിൽ മെയ് 30-നാണ് കോൺഗ്രസ് നിയസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ആഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് ശിവകുമാറിന്റെ ഈ പദവി ആരോഹണം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ശിവകുമാർ, സിദ്ധരാമയ്യ എന്നിവർ പങ്കെടുത്ത സങ്കീർണ്ണമായ ചർച്ചകൾക്കൊടുവിലാണ് ഈ അധികാര കൈമാറ്റം സാധ്യമായത്.  ഡി കെക്കൊപ്പം 13 എം എൽ എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിൽ മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ഉള്‍പ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306