27 May, 2026 06:55:48 PM
കേന്ദ്ര ഏജൻസിയെ പ്രതിപക്ഷത്തിന് എതിരായ ആയുധമാക്കുന്നു; ഇ ഡി റെയ്ഡിനെതിരെ സ്റ്റാലിൻ

ചെന്നൈ: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ. ഇ ഡിയുടെ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് സ്റ്റാലിൻ്റെ പ്രതികരണം.
കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്. പിണറായി വിജയനെ ബിജെപി എന്തുക്കൊണ്ട് ഇതുവരെ ലക്ഷ്യം വെച്ചില്ലെന്ന കോൺഗ്രസിൻ്റെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നും സ്റ്റാലിൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത് വീണ്ടുവിചാരമില്ലാത്ത ആരോപങ്ങൾ മാത്രമായിരുന്നെന്നും അദേഹം ചൂണ്ടിക്കാട്ടി.
പോസ്റ്റിൻ്റെ പൂർണരൂപം:
മുൻ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധങ്ങളാക്കുന്ന രീതി വർദ്ധിച്ചുവരുന്ന ഇത്തരം നടപടികൾ വീണ്ടും ഗുരുതരമായ ആശങ്ക ഉയർത്തുന്നു.
പിണറായി വിജയനെ "ബിജെപി ഇതുവരെ ലക്ഷ്യം വയ്ക്കാത്തത്" എന്തുകൊണ്ടെന്ന് ആവർത്തിച്ച് ചോദ്യം ചെയ്ത ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരവും ഇത് തുറന്നുകാട്ടുന്നു!
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 14 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ് 12 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.






