21 July, 2026 01:21:14 PM


ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: പരീക്ഷ പൂർത്തിയാക്കി മടങ്ങിയ നഴ്സിങ് വിദ്യാർഥിനി മരിച്ചു



കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. പരവൂർ പൂതക്കുളം കൂനംകുളം സ്നേഹാലയത്തിൽ ടി. ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്. സ്നേഹ (22) ആണ് മരിച്ചത്. മൈസൂരുവിൽ അവസാന വർഷ ബി.എസ്.സി നഴ്സിങ് പരീക്ഷ പൂർത്തിയാക്കി കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു സ്നേഹ.

യാത്രയ്ക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് എസി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഒരു ഡോക്ടർ സ്നേഹയെ പരിശോധിക്കുകയും അടിയന്തര ചികിത്സ നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ഉടൻ റെയിൽവേ പോലീസ് സ്നേഹയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്നേഹയെ നില വഷളായതിനെ തുടർന്ന് ഐ.സി.യുവിൽ നിന്നും വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് സ്നേഹയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K