13 July, 2026 11:19:28 AM
നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരൻ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. കേസിൽ ചെന്താമരയുടെ ശിക്ഷാവിധി ജൂലെെ 15ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയാണ് ഏക പ്രതി. ഈ മാസം ആറിന് വിധി പറയാനിരുന്ന കേസ്, വിചാരണാ കോടതി ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2025 ജനുവരി 27നായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊല . നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും 75 വയസുള്ള ലക്ഷ്മിയെയും പട്ടാപ്പകൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അരുംകൊല നടത്തിയത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാട്ടായി വനമേഖലയിൽ നിന്ന് സാഹസികമായി പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു . തന്നെ വേഗം ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പൊലീസ് തെളിവെടുപ്പിനിടെ ചെന്താമര നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി 19ന് സജിത കൊലപാതക കേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം 2025 മാർച്ച് 25 ന് 132 സാക്ഷികളും മുപ്പതിലധികം രേഖകളും ശാസ്ത്രീയ തെളിവുകളും അടങ്ങുന്ന 480 പേജുകളുള്ള കുറ്റപത്രം പൊലീസ് സമ൪പ്പിച്ചു . അതിനിടെ സജിത കൊലപാതക കേസിൽ ഒക്ടോബറിൽ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 2026 ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നടന്ന വിചാരണയിൽ 82 സാക്ഷികളെ വിസ്തരിച്ചു, ഇവരിൽ നാല് പേർ കൂറുമാറി.





