03 June, 2026 09:18:58 AM
കുടുംബവഴക്ക്; തിരുവനന്തപുരത്ത് 36കാരിയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറ സ്വദേശിനി ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി (46) മണ്ണന്തല പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
മക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഹസീനയും സുരേഷും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഹസീന മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ഹസീനയെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ വെച്ചാണ് സുരേഷ് ആക്രമിച്ചത്.
മൂത്ത മകളാണ് വിവരം മണ്ണന്തല പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഹസീന മരണപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഹസീനയ്ക്കും സുരേഷിനും നാല് മക്കളുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





