17 July, 2026 12:10:27 PM
മകളെ വിവാഹം ചെയ്ത് നൽകിയില്ല; തിരുവനന്തപുരത്ത് അച്ഛനും മകനും ക്രൂരമര്‍ദനം

തിരുവനന്തപുരം: കിളിമാനൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്.
സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര പീഡനം. മകളെ വിവാഹം ചെയ്തുനല്‍കാത്തതിലെ വൈരാഗ്യമാണ് കാരണം.
ഇന്നലെ രാവിലെയാണ് സുധീഷ് അനില്‍കുമാറിനെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത്. മേസ്തിരി പണി ചെയ്യുന്ന അനില്‍കുമാറിനെ ആ പേര് പറഞ്ഞാണ് ഇയാള്‍ വിളിച്ചുവരുത്തിയത്. അവിടെ വച്ച് ചങ്ങലകളാല്‍ ബന്ധിച്ച് അനിലിനെ ക്രൂരമായി മര്‍ദിച്ചു. പിന്നാലെ അനില്‍കുമാറിന് അപകടം പറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ 20കാരനായ മകനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാളെയും മര്‍ദിച്ചു.
മര്‍ദനമേറ്റ മകന്‍ വര്‍ക്കല പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പരിശോധനയില്‍ സ്‌ഫോടവസ്തുക്കളടക്കം കണ്ടെത്തി.
നാലംഗ സംഗമാണ് തന്നെ മര്‍ദിച്ചതെന്നും സുധീഷാണ് നേതൃത്വം നല്‍കിയതെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. കൃത്യം നടന്ന വീടിന്റെ ഉടമസ്ഥന്റെ ചെറുമകനാണ് സുധീഷ്. സുധീഷ് ഒരു വര്‍ഷം മുന്‍പ് അനില്‍കുമാറിന്റെ മകളെ വിവാഹമാലോചിച്ച് എത്തിയിരുന്നു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം.





