23 October, 2026 12:39:23 PM


ഓം പ്രകാശ് മാഥൂർ കേരള ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു



തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല.

 2002 ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ബിജെപിയുടെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഓം പ്രകാശ് മാഥൂര്‍. ആര്‍എസ്എസ് പ്രചാരക് മുതല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വരെ പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1952ല്‍ രാജസ്ഥാനിലെ ബാലിയിലാണ് ഓം പ്രകാശ് മാഥൂരിന്റെ ജനനം. ജയ്പുരിലെ രാജസ്ഥാന്‍ സര്‍വലാശാലയിലെ ബിരുദ പഠനത്തിന് ശേഷം തന്റെ ഇരുപതാം വയസില്‍ ആര്‍എസ്എസിന്റെ പ്രചാരകായി പൊതുജീവിതത്തിന്റെ തുടക്കം. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിലും വൈകാതെ ബിജെപിയിലും അംഗത്വം. 1975ലെ അടിയന്തരാവസ്ഥ കാലത്ത് 11 മാസക്കാലം ജയില്‍വാസം അനുഭവിച്ചു. 1990-2002 കാലഘട്ടത്തില്‍ രാജസ്ഥാന്‍ ബിജെപിയുടെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായി. പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് എത്തി.

2005ല്‍ ബിജെപി ദേശീയ സെക്രട്ടറിയായും 2006ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായും മാഥൂര്‍ പ്രവര്‍ത്തിച്ചു. 2008ല്‍ രാജസ്ഥാന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി. വൈകാതെ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2022 വരെ രാജ്യസഭാംഗമായി തുടര്‍ന്ന് ഓ പി മാഥൂര്‍, 2024ല്‍ സിക്കിം ഗവര്‍ണറായി നിയമിതനായി. രണ്ട് വര്‍ഷം സിക്കിം ഗവര്‍ണറായി സേവനമനുഷ്ഠിച്ച ശേഷമാണ് 29-ാമത് കേരളം ഗവര്‍ണറായി ഓ പി മാഥൂര്‍ ചുമതലയേറ്റത്. 74കാരനായ അദ്ദേഹം അവിവാഹിതനാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915