19 July, 2019 01:03:13 AM


കനത്ത തിരിച്ചടി: രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് സിംബാബ്‌വെ ക്രിക്കറ്റിന്‍റെ ഐസിസി അംഗത്വം റദ്ദാക്കി



ലണ്ടന്‍: സിംബാബ്‌വെ ക്രിക്കറ്റിന്‍റെ ഐസിസി അംഗത്വം റദ്ദാക്കി. ലണ്ടനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്‌വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് മുന്നോട്ട് പോവേണ്ടത്. എന്നാല്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് വിരുദ്ധമായി കാര്യങ്ങള്‍ നീക്കി. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാവും.


ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവരുതെന്നാണ് ഐസിസിയുടെ നിലപാടെന്ന് ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ഐസിസി ഭരണഘടനയുടെ ലംഘനമാണ് സിംബാബ്‌വെയില്‍ നടന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സിംബാബ്‌വെയില്‍ ക്രിക്കറ്റ് തുടരണമെന്ന് ഐസിസിക്ക്  ആഗ്രഹമുണ്ട്. എന്നാല്‍ അത് ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം.'' സഹായം നല്‍കുന്നത് നിലയ്ക്കും എന്ന് മാത്രമല്ല, ഒരു ഐസിസി ടൂര്‍ണമെന്റിലും സിംബാബ്‌വെയ്ക്ക് കളിക്കാന്‍ കഴിയില്ല. മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K