29 October, 2022 09:15:50 PM


കോട്ടയം താഴത്തങ്ങാടി വള്ളംകളി: മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ ജേതാവ്



കോട്ടയം: താഴത്തങ്ങാടി വള്ളംകളിയില്‍ മഹാദേവിക്കാട്ടിൽ ചുണ്ടൻ ജേതാവ്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാംപ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍ താഴത്തങ്ങാടിയില്‍ നടന്ന എട്ടാം മത്സരത്തില്‍ പിബിസി (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ സിബിഎല്ലിലെ തുടര്‍ച്ചയായ നാലം വിജയത്തോടെ ഒന്നാമതെത്തി (3.15.09 മിനിറ്റ്). താരതമ്യേന ദൂരം കുറഞ്ഞ ട്രാക്കില്‍ എന്‍സിഡിസി (മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗവും (3.16.16 മിനിറ്റ്) പൊലീസ് ബോട്ട് ക്ലബ് (റേജിങ് റോവേഴ്സ്) തുഴഞ്ഞ ചമ്പക്കുളവും (3.17.32 മിനിറ്റ്) കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അവസാന 20 മീറ്ററില്‍ പിബിസി മഹാദേവിക്കാട് വിജയം കൊയ്തു.

ഫൈനലില്‍ ആദ്യ നൂറുമീറ്ററില്‍ ഒപ്പത്തിനൊപ്പമാണ് മൂന്നു വള്ളങ്ങളും മുന്നോട്ടു നീങ്ങിയത്. 200 മീറ്റര്‍ പിന്നിട്ടപ്പോള്‍ എന്‍സിഡിസി നടുഭാഗം മുന്നിലെത്തി. വാശിയോടെ മഹാദേവിക്കാട് ലീഡ് നേടിയെങ്കിലും ട്രാക്ക് പകുതി പിന്നിട്ടപ്പോള്‍ പൊലീസ് ബോട്ട് ക്ലബ് ചമ്പക്കുളം മുന്നിലേക്കെത്തി. ഇതോടെ വര്‍ധിത വീര്യവുമായി നടുഭാഗത്തിന്‍റെയും മഹാദേവിക്കാടിന്‍റെയും തുഴക്കാര്‍ തുഴഞ്ഞപ്പോള്‍ ലീഡ് വീണ്ടും മാറി. അവസാന നൂറു മീറ്ററില്‍ ഒപ്പത്തിനൊപ്പം മഹാദേവിക്കാടും നടുഭാഗവും നിന്നു. എന്നാല്‍ കൈനകരിയിലെ തനിയാവര്‍ത്തനമായി അവസാന 20 മീറ്ററില്‍ പിബിസിയുടെ കുതിപ്പിന് നടുഭാഗത്തിന് മറുപടിയില്ലാതായി.

ഹീറ്റ്സില്‍ ഏറ്റവും മികച്ച സമയവുമായി നടുഭാഗം മുന്നിലെത്തിയപ്പോള്‍ തന്നെ ഫൈനലിന്‍റെ സ്വഭാവം വള്ളംകളിപ്രേമികള്‍ക്ക് പിടികിട്ടിയിരുന്നു. എന്നാല്‍ താഴത്തങ്ങാടിയിലെ മികച്ച സമയം കുറിച്ചാണ് ഫൈനലില്‍ മത്സരിച്ച മൂന്നു വള്ളങ്ങളും ഫിനിഷ് ചെയ്തത്. യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ ചെറുതന ചുണ്ടന്‍ താഴത്തങ്ങാടിയില്‍ നാലാമതായി ഫിനിഷ് ചെയ്തു. വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍ അഞ്ചാമതും വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവസ് ആറാമതും ഫിനിഷ് ചെയ്തു. പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരത്തിന് ഇക്കുറി ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത് എട്ടും കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്) ആയാപറമ്പ് പാണ്ടി ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി.

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് താഴത്തങ്ങാടി വള്ളംകളി ഉദ്ഘാടനം ചെയ്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K