20 October, 2023 08:31:26 AM
സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് സമാപനം; കിരീടം ഉറപ്പിച്ച് പാലക്കാട്
തൃശ്ശൂര്‍: സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാട് 179 പോയിന്‍റുമായി തേരോട്ടം തുടരുന്നു. 131 പോയിന്‍റുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകളിൽ 43 പോയിന്‍റുമായി മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ ആണ് മുന്നിൽ ഉള്ളത്. 33 പോയിന്‍റുമായി എറണാകുളത്തെ കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം നാല് ദിവസത്തെ കായികമേള ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹ്മാൻ സമ്മാനദാനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കായിക മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ 16 മുതല്‍ തൃശ്ശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റേഡിയത്തിൽ ആരംഭിച്ച കായികമേളയിൽ ആറുവിഭാഗങ്ങളിലായി 3000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
രാജ്യത്ത് ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ഇതേ മാതൃക ഇത്തവണയും തുടർന്നത്. ആകെ 98 ഇനങ്ങളിലാണ് മത്സരം നടന്നത് .