05 January, 2020 05:22:15 PM
ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്‌ഘാടനം 6ന്

കോട്ടയം: കോതനല്ലൂർ ലീഡേഴ്‌സ് ആൻഡ് ലാഡേഴ്സ് ഇന്‍റർനാഷണൽ ഓട്ടിസം സ്കൂളിന്‍റെ വാർഷികാഘോഷങ്ങളും ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്‌ഘാടനവും ജനുവരി ആറിന് വൈകിട്ട് നാലിന് കോതനല്ലൂർ ലിസ ക്യാമ്പസ്സിൽ നടക്കും. ആരോഗ്യ മന്ത്രി കെ കെ ഷൈലജ സ്കൂൾ വാർഷികാഘോഷങ്ങളുടെയും ഓട്ടിസം പാർക്ക് പദ്ധതിയുടെയും ഉദ്‌ഘാടനം നിർവഹിക്കും. പ്ലേ തെറാപ്പി സെന്‍ററിന്‍റെ ഉദ്‌ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിക്കും. സെൻസറി ഇന്റഗ്രേഷൻ യുണിറ്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പി സെന്‍റർ എന്നിവയുടെ ഉദ്‌ഘാടനങ്ങൾ യഥാക്രമം എം എൽ എമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ് എന്നിവർ നിർവഹിക്കും.
ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻറർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം ഏർപ്പെടുത്തിയ 2019ലെ ലിസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. ലിസ ലൈഫ് എൻറിച്ച്മെന്‍റ് അവാർഡ് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിന് ചടങ്ങിൽ സമ്മാനിക്കും. ലിസ മീഡിയ അവാർഡ് മാധ്യമ പ്രവർത്തകൻ സന്തോഷ് ജോൺ തൂവലിനും, ലിസ ഹെൽത്ത് കെയർ അവാർഡ് മുവാറ്റുപുഴയിലെ ഡെന്‍റ്കെയർ ഡെന്‍റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ ജോൺ കുര്യക്കോസിനും നൽകും. ലിസ ഓട്ടിസം സ്കൂൾ മെൻറ്റർ ഡോ: കെ. എസ്. രാധകൃഷ്ണൻ അധ്യക്ഷനായിരിക്കും.
 
                                 
                                        



