31 January, 2020 05:38:09 PM


മരണവാറണ്ടിന് സ്റ്റേ: നിർഭയ കേസ് പ്രതികളെ ശനിയാഴ്ച തൂക്കിലേറ്റില്ല



ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ശിക്ഷയ്ക്കപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന പ്രതികളായ അക്ഷയ് വിനയ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.


വധശിക്ഷ നാളെ രാവിലെ ആറുമണിയ്ക്ക് നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ധർമേന്ദർ റാന ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരുടെ വാദം കേട്ടിരുന്നു, ഒരാളുടെ ദയാഹർജിയിൽ മാത്രമാണ് വിധി പറയാൻ ബാക്കിയുള്ളതെന്നും മറ്റുള്ളവരെ തൂക്കിലേറ്റാമെന്നും ജയിൽ അധികൃതർ അറിയിച്ചു. എന്നാൽ, ഒരു പ്രതിയുടെ ഹർജിയിൽ തീരുമാനം വരാനുള്ളപ്പോൾ മറ്റുള്ളവരുടെ വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു.


മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നി‍ർഭയകേസ് പ്രതി അക്ഷയ് സിംഗ് സമ‍ർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.


ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ മറ്റൊരു പ്രതി മുകേഷ് സിംഗ് നൽകിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം ഇന്ന് നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.


2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർഥിനി ഡൽഹിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29ന് മരണം സംഭവിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K