14 November, 2025 09:35:51 AM
സെല്ലില്‍ കയറാന്‍ ആവശ്യപ്പെട്ടു; വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥനെ തടവുകാര്‍ ആക്രമിച്ചു

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതിയായ മുഹമ്മദ് അസറുദ്ദീൻ, മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജ് എന്നിവരാണ് മർദ്ദിച്ചത്.
സെല്ലിനുള്ളിൽ കയറാൻ മടിച്ചുനിന്ന നസറുദ്ദീനോട് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഭിനവ് സെല്ലിൽ കയറാൻ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ അസറുദ്ദീനും മനോജും ചേർന്ന് അഭിനവിനുനേരേ മുദ്രാവാക്യം വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. കൂടാതെ, ഇരുവരും ചേർന്ന് അഭിനവിനെ മർദിക്കുകയും ചെയ്തു.
അഭിനവിനെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റൊരു തടവുകാരനായ റജികുമാറിനും ഇവരില്‍നിന്ന് മര്‍ദനമേറ്റു. കൂടുതൽ ജയിൽ ജീവനക്കാർ എത്തിയാണ് മർദിച്ച തടവുകാരെ സെല്ലിനുള്ളിലാക്കിയത്. പരിക്കേറ്റ അഭിനവിനെയും റജികുമാറിനെയും തുടർചികിത്സയ്ക്കായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ വിയ്യൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.





