19 November, 2025 12:17:07 PM


പ്രണയാഭ്യര്‍ഥന നിരസിച്ചു; രാമേശ്വരത്ത് സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു



ചെന്നൈ: തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ പതിനേഴുകാരിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകും വഴിയാണ് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറെനാളായി നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച യൂവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ കുട്ടിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ പെണ്‍കുട്ടിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു.

താതപര്യമില്ലെന്ന് അറിയിച്ച് പെണ്‍കുട്ടി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കുഴഞ്ഞവീണ പെണ്‍കുട്ടിയെ നാട്ടുകാര്‍ രാമേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943