18 November, 2025 07:20:46 PM
വൈറ്റിലയിലെ ബാറില്‍ തര്‍ക്കം; മാരകായുധങ്ങളുമായി യുവതി ഉള്‍പ്പെട്ട സംഘം, മൂന്നു പേര്‍ പിടിയില്‍

കൊച്ചി: വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്.
കാറില്‍ നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തര്‍ക്കമുണ്ടായി. ബാര്‍ ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. പുറത്തു പോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്. ബാര്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. ബാറില്‍ നിന്ന് പോയ ശേഷം അഞ്ചു തവണ പ്രതികള്‍ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മര്‍ദിച്ചെന്നുമാണ് ബാര്‍ ഉടമയുടെ പരാതി. സംഘര്‍ഷത്തില്‍ യുവതിയുടെ കൈക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്.





