02 December, 2025 11:15:02 AM


തൃശൂരിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃ മാതാവ് അറസ്റ്റിൽ



തൃശൂര്‍: വരന്തരപ്പിള്ളിയിലെ അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍തൃ മാതാവ് അറസ്റ്റില്‍. ഗര്‍ഭിണിയായ അര്‍ച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് അര്‍ച്ചനയുടെ ഭര്‍ത്താവ് ഷാരോണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍തൃ മാതാവ് മാക്കോത്ത് വീട്ടില്‍ രജനി(49)യെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അര്‍ച്ചനയുടെ അച്ഛന്റെ പരാതിയിലായിരുന്നു ഭര്‍ത്താവ് ഷാരോണിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃ പീഡനത്തില്‍ മനംനൊന്ത് അര്‍ച്ചന ആത്മഹത്യ ചെയ്തു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. നവംബര്‍ 26നായിരുന്നു തൃശൂർ വരന്തരപ്പിള്ളിയിലെ മാട്ടുമലയില്‍ വീട്ടില്‍ 20കാരിയായ അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് പിൻഭാഗത്തെ കോണ്‍ക്രീറ്റ് കാനയിലായിരുന്നു അര്‍ച്ചനയുടെ മൃതദേഹമുണ്ടായിരുന്നത്. അര്‍ച്ചന വീടിനുള്ളില്‍വച്ച് തീകൊളുത്തിയ ശേഷം പുറത്തേക്കോടിയതാകാം എന്നായിരുന്നു നിഗമനം. മകളുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചുകൊണ്ടുവരാന്‍ പോയ ഷാരോണിന്റെ മാതാവ് രജനി തിരികെ വന്നപ്പോളാണ് മൃതദേഹം കാണുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K