15 November, 2025 10:18:23 AM
സ്വത്ത് തർക്കം; ആലുവയിൽ 84 വയസുള്ള അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

ആലുവ: ആലുവയിൽ സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് പിടിയിലായത്. നൊച്ചിമ കൊടികുത്തുമല സ്വദേശി 84 കാരനായ അലിയാരെയാണ് ഇയാൾ മർദിച്ചത്. ഇരുവരും തമ്മിൽ സ്വത്ത് തർക്കം നേരത്തെയും ഉണ്ടായിരുന്നു എന്നാൽ ഇന്നലെ തർക്കം രൂക്ഷമാകുകയായിരുന്നു. മർദനത്തിൽ പിതാവിന്റെ വിരലുകൾക്ക് പൊട്ടലുണ്ട്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദന വിവരം പറയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. അറസ്റ്റിലായ ഹുസൈനിനെ കോടതിയിൽ ഹാജരാകും.





